
ജീവകാരുണ്യത്തിന്റെ മഹത്തായ സന്ദേശവുമായി കെ.എസ്.എഫ്.ഇ യുടെ രക്തദാന ക്യാമ്പ്
കെ.എസ്.എഫ്.ഇയുടെ 57- ആം സ്ഥാപക വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാരുടെ പങ്കാളിത്തത്തോടെ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു.
2026 നവംബർ 7-ന് തൃശ്ശൂരിലെ കെ.എസ്.എഫ്.ഇ ആസ്ഥാന കാര്യാലയത്തിൽ ഗവൺമെന്റ് മെഡിക്കൽ കോളേജ്, തൃശ്ശൂരിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി ജീവനക്കാർ സന്നദ്ധരായി രക്തദാനത്തിൽ പങ്കുചേർന്ന് ഈ ജീവകാരുണ്യ പ്രവർത്തനത്തിന് പിന്തുണയേകി.
രക്തദാനത്തിന്റെ മഹത്വം സമൂഹത്തിലേക്ക് പകരുന്നതിനും ജീവൻ രക്ഷിക്കാനുള്ള മഹത്തായ സാമൂഹിക ഉത്തരവാദിത്തത്തിൽ പങ്കാളികളാകുന്നതിനും ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം സംഘടിപ്പിച്ചത്.
ഒരു തുള്ളി രക്തം ഒരാളുടെ ജീവിതത്തിന് പുതുപ്രതീക്ഷയാകുമ്പോൾ, ഇത്തരം പ്രവർത്തനങ്ങൾ കേവലം ആഘോഷങ്ങൾക്കപ്പുറം സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്റെ അടയാളമായി മാറുന്നു.


























