വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനായി
സംസ്ഥാന സർക്കാരിന്റെ സ്ത്രീ ശാക്തീകരണ നയങ്ങളുടെ ഭാഗമായി, 2026-27 സാമ്പത്തിക വർഷത്തിൽ വനിതകൾക്കും ട്രാൻസ്‌ജെൻഡർ വനിതകൾക്കും മാത്രമായി കെ.എസ്.എഫ്.ഇ അവതരിപ്പിക്കുന്ന പ്രത്യേക സമ്പാദ്യ പദ്ധതിയാണ് 'പിങ്ക് ചിട്ടികൾ'. ദൈനംദിന സമ്പാദ്യത്തിൽ നിന്ന് മികച്ച ഒരു സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിനും, സുരക്ഷിതമായ നിക്ഷേപത്തിലൂടെ വനിതകളുടെയും ട്രാൻസ്‌ജെൻഡർ വനിതകളുടെയും സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്തുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
വനിതകൾക്ക് മാത്രം
ഈ പ്രത്യേക ചിട്ടി പദ്ധതിയിൽ ചേരുന്നതിനുള്ള അർഹത വനിതകൾക്കും ട്രാൻസ്‌ജെൻഡർ വനിതകൾക്കും മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.
ആകർഷകമായ ചിട്ടി ഘടനകൾ
വിവിധ സമ്പാദ്യ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ 60 മാസത്തെ കാലാവധിയുള്ള താഴെ പറയുന്ന മൂന്ന് പദ്ധതികളിൽ നിന്നും അനുയോജ്യമായവ തിരഞ്ഞെടുക്കാം:
മാസം ₹1,500 രൂപ (മൊത്തം ചിട്ടിത്തുക: ₹90,000),
മാസം ₹2,500 രൂപ (മൊത്തം ചിട്ടിത്തുക: ₹1,50,000),
മാസം ₹5,000 രൂപ (മൊത്തം ചിട്ടിത്തുക: ₹3,00,000).
ഉറപ്പായ ക്യാഷ് ബാക്ക്
ചിട്ടി തവണകൾ ഓരോ മാസവും മുടക്കം കൂടാതെ കൃത്യമായി അടയ്ക്കുന്ന വരിക്കാർക്ക് 10, 30, 59 തവണകൾ പൂർത്തിയാകുന്ന മുറയ്ക്ക് 500/- രൂപ വീതം ചിട്ടി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്. ഇതിലൂടെ പരമാവധി 1,500/- രൂപ വരെ ക്യാഷ് ബാക്ക് ആയി നേടാവുന്നതാണ്.
കൂടുതൽ സമ്മാനങ്ങൾക്കുള്ള അവസരം
കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടി വരിക്കാർക്ക് നിലവിലുള്ള 'കെ.എസ്.എഫ്.ഇ എംപവർ ചിറ്റ്സ് 2026' പദ്ധതിയിലെ ആകർഷകമായ സമ്മാനങ്ങൾക്കും അർഹത ഉണ്ടായിരിക്കും.




