
57- ആം വാർഷികം ആഘോഷിച്ച് കെ.എസ്.എഫ്.ഇ
കെ.എസ്.എഫ്.ഇ യുടെ 57- ആം വാർഷികാഘോഷം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. 1969 നവംബർ 6 ന് സ്ഥാപിതമായ കെ.എസ്.എഫ്.ഇ കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് നേടിയെടുത്തിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി എല്ലാ യൂണിറ്റുകളിലും ഇടപാടുകാർക്ക് മധുരം വിതരണം ചെയ്തു, കെ.എസ്.എഫ്.ഇ, എല്ലാ വിഭാഗം ഇടപാടുകാരെയും ചേർത്ത് പിടിച്ച് അവരുടെ ആവശ്യങ്ങൾ നിസ്വാർത്ഥമായും അർപ്പണമനോഭാവത്തോടെയും നിറവേറ്റുമെന്ന് ജീവനക്കാർ ദൃഢപ്രതിജ്ഞ ചെയ്തു. തൃശ്ശൂർ കോർപ്പറേറ്റ് ഓഫീസിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ മാനേജിങ്ങ് ഡയറക്ടർ ശ്രീ.അഭിലാഷ് പി.എൻ, കെ.എസ്.എഫ്.ഇ യ്ക്കായി തയ്യാറാക്കിയ ഔദ്യോഗിക തീം സോങ്ങിന്റെ പ്രകാശനം നിർവ്വഹിച്ചു.
പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കെ.എസ്.എഫ്.ഇ. ഹെഡ് ഓഫീസ് ജീവനക്കാർ സംഭാവന ചെയ്ത വീൽ ചെയർ സംബന്ധമായ ഇന്റന്റ് മാനേജിങ്ങ് ഡയറക്ടർ തൃശ്ശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ലിജോയ്ക്ക് കൈമാറി.
കൂടാതെ നവംബർ മാസം രക്തദാന മാസമായി ആചരിക്കുവാൻ തീരുമാനിച്ചു. ഉദ്ഘാടന ചടങ്ങിൽ ജനറൽ മാനേജർ (ബിസിനസ്സ്) ശ്രീകുമാർ പി, ജനറൽ മാനേജർ (റിസ്ക്ക് & കംപ്ലയൻസ്) ഡോ.സനിൽ എസ്.കെ, ഡെപ്യൂട്ടി ജനറൽ മാനേജർമാർ, അസിസ്റ്റന്റ് ജനറൽ മാനേജർമാർ, കമ്പനി സെക്രട്ടറി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു സംസാരിച്ചു.


























