
കെ.എസ്.എഫ്.ഇ സമ്മാനോത്സവം
ഇടപാടുകാരോടും കേരളത്തോടും കെ.എസ്.എഫ്.ഇ ക്ക് പ്രതിബദ്ധത: ധനമന്ത്രി
മേഴ്സിഡീസ് ബെൻസ്, ഇന്നോവ ക്രിസ്റ്റ: കെ.എസ്.എഫ്.ഇ ഗ്യാലക്സി ചിട്ടി വിജയികൾക്ക് സമ്മാനവിതരണം നടന്നു.
ഇടപാടുകാരോടും, ഒപ്പം കേരള സമൂഹത്തോടും ആകെ പ്രതിബദ്ധത പുലർത്തുന്ന പ്രസ്ഥാനമാണ് കെ.എസ്.എഫ്.ഇ എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇതിന് തെളിവാണ് പ്രകൃതിദുരന്തം നേരിട്ട വയനാട് ജില്ലയിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 45 കോടി രൂപയുടെ അനക്‌സ് ബ്ലോക്ക് കെ.എസ്.എഫ്.ഇ നിർമ്മിച്ച് നൽകിയത്. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമായ കെ.എസ്.എഫ്.ഇ സുതാര്യവും സുരക്ഷിതവുമായ സമ്പാദ്യമാർഗ്ഗം ഒരുക്കുന്നതായും അദ്ദേഹം പറഞ്ഞു. കെ.എസ്.എഫ്.ഇ യുടെ സമ്മാനചിട്ടി പദ്ധതിയായ കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളിലെ വിജയികൾക്ക് സമ്മാനവിതരണം ചെയ്യുന്ന 'സമ്മാനോത്സവം 2026' ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കര അമ്പലക്കര മൈതാനത്ത് നടന്ന ചടങ്ങിൽ മെഗാ സമ്മാനമായ മെഴ്സിഡീസ് ബെൻസ് കാറിൻ്റെ താക്കോൽ കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളിലെ വിജയിയായ ഇരിങ്ങാലക്കുട സ്വദേശി ഷക്കീൽ കെ.വി. ക്ക് മന്ത്രി സമ്മാനിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട – I ബ്രാഞ്ചിലെ ഇടപാടുകാരനാണ് ഷക്കീൽ. ബംബർ സമ്മാനമായ 17 ഇന്നോവ ക്രിസ്റ്റ കാറുകളുടെ വിതരണവും നടന്നു.
വിവിധ സമ്മാനപദ്ധതികളിലായി പ്രതിവർഷം ഏകദേശം 18 കോടി രൂപയുടെ സമ്മാനവിതരണം കൃത്യതയോടെ കെ.എസ്.എഫ്.ഇ നിർവഹിക്കുന്നുണ്ടെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. ആധുനികവൽക്കരണത്തിന്റെ പാതയിലായ കെ.എസ്.എഫ്.ഇ തുടർന്നും നൂതന പദ്ധതികളുമായി എത്തുമെന്ന് കെ.എസ്.എഫ്.ഇ എം.ഡി ഡോ.എസ്.കെ. സനിൽ പറഞ്ഞു.
12 വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തി സ്വകാര്യ കുറിയിൽ ചേർന്ന് തട്ടിപ്പിനിരയായ വ്യക്തിയാണ് താനെന്ന് ഷക്കീൽ കെ.വി. പറഞ്ഞു. കെ.എസ്.എഫ്.ഇ പോലെ കേരളത്തിൻ്റെ ധൈര്യമായ അംഗീകൃത ചിട്ടികളിൽ മാത്രമേ ഇനിമുതൽ ചേരൂ എന്ന് അന്ന് തീരുമാനിച്ചു എന്നും കേരള ലോട്ടറി ഏജൻ്റ് കൂടിയായ അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.ആർ.അരുൺ ബാബു മുഖ്യാതിഥിയായി.
കൊട്ടാരക്കര നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൺ ഷാജു എ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഡി. രാമകൃഷ്ണ പിള്ള, വാർഡ് കൗൺസിലർ മിനി എൽ, മൈലം പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.
'സമ്മാനോത്സവം 2026' ചടങ്ങിന് ശേഷം ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച സംഗീതപരിപാടിയും നിറഞ്ഞ സദസ്സിന് മുന്നിൽ അരങ്ങേറി.






















