
KSFE Galaxy Chits Lucky Draw
കെ.എസ്.എഫ്.ഇ 2024-25 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കിയ 'ഗാലക്സി ചിട്ടി' പദ്ധതിയുടെ സംസ്ഥാനതല മെഗാ സമ്മാനങ്ങളുടെയും മേഖലാതല (സീരീസ് 1) സമ്മാനങ്ങളുടെയും നറുക്കെടുപ്പിൽ 75 ലക്ഷം രൂപയുടെ മെഴ്‌സിഡസ് ബെൻസ് കാർ നേടി ഇരിങ്ങാലക്കുട സ്വദേശി ശ്രീ.ഷക്കീൽ.കെ.വി. കെ.എസ്.എഫ്.ഇ തൃശ്ശൂർ മേഖലയിൽ ഉൾപ്പെട്ട ഇരിങ്ങാലക്കുട മെയിൻ ശാഖയിലെ കസ്റ്റമർ ആണ് ഷക്കീൽ.
ഡിസംബർ 27 ശനിയാഴ്ച ഉച്ചക്ക് തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ നടന്ന നറുക്കെടുപ്പിൽ ധനകാര്യ മന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ വിജയിയെ പ്രഖ്യാപിച്ചു. മന്ത്രി തത്സമയം നേരിട്ട് ഫോൺ വിളിച്ച് വിജയിയെ അഭിനന്ദിച്ചു. 13.62 കോടി രൂപയുടെ സമ്മാനങ്ങൾ ആണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. ഇത്രയും വലിയ തുകയ്ക്ക് സമ്മാനം നൽകണമെങ്കിൽ വളരെ മികവുറ്റ രീതിയിൽ ബിസിനസ് നടക്കണം. ജനങ്ങൾക്ക് കെ.എസ്.എഫ്.ഇ യിലുള്ള വിശ്വാസമാണ് ബിസിനസായി പ്രതിഫലിക്കുന്നത്. ബോണ്ടുകളെക്കാളും ഡിബഞ്ചറുകളെക്കാളും മികച്ച റിട്ടേൺ കെ.എസ്.എഫ്.ഇ നൽകുന്നതായി മന്ത്രി പറഞ്ഞു. നിക്ഷേപങ്ങളുടെ സുരക്ഷയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഫ്രറ്റേണിറ്റി ചിട്ടിയിലൂടെ പുതിയ തലമുറയെയും ഈ നിക്ഷേപ പദ്ധതിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണകാലയളവിൽ 3500 പേർക്ക് മികച്ച സേവനവേതന വ്യവസ്ഥയിൽ കെ.എസ്.എഫ്.ഇ ക്ക് തൊഴിൽ നൽകാൻ കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലാതല സമ്മാനമായ 17 ഇന്നോവ ക്രിസ്റ്റ കാറുകൾ, 170 ഐഫോണുകൾ എന്നിവയുടെ നറുക്കെടുപ്പും ഇതോടൊപ്പം നടന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേരിട്ടുള്ള നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടപടികൾ പൂർത്തിയായത്.
ചടങ്ങിൽ കെ.എസ്.എഫ്.ഇ ചെയർമാൻ ശ്രീ.കെ.വരദരാജൻ അധ്യക്ഷനായി. രാജ്യത്തെ പ്രമുഖമായ ധനകാര്യ സ്ഥാപനമായി കെ.എസ്.എഫ്.ഇ മാറിയിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ ഡോ.സനിൽ.എസ്.കെ സ്വാഗതം ആശംസിക്കുകയും കെ.എസ്.എഫ്.ഇ ഡയറക്ടർ ഡോ.പി.ശശികുമാർ ആശംസ നേരുകയും കെ.എസ്.എഫ്.ഇ ജനറൽ മാനേജർ (ബിസിനസ്സ്) ശ്രീ.പി.ശ്രീകുമാർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ഗാലക്സി ചിട്ടി പദ്ധതിയിലൂടെ 2024-25 സാമ്പത്തിക വർഷത്തിൽ 1072.20 കോടി രൂപയുടെ റെക്കോർഡ് ബിസിനസ് നേടിക്കൊണ്ട് 5.82 ലക്ഷം പേരെ ചിട്ടിയിൽ വരിക്കാരാക്കാൻ കെ.എസ്.എഫ്.ഇ ക്ക് സാധിച്ചതായി ഡോ.സനിൽ.എസ്.കെ പറഞ്ഞു.
വാർഡ് കൗൺസിലർ ശ്രീ.ആർ.ഹരികുമാർ, സംസ്ഥാന ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ.രാജ്കപൂർ.എം, ജീവനക്കാരുടെ സംഘടനാ ജനറൽ സെക്രട്ടറിമാരായ ശ്രീ.എസ്.മുരളികൃഷ്ണ പിള്ള (KSFE SA - CITU)), ശ്രീ.സൽ ജബീൽ.കെ.ബി. (KSFE OU), ശ്രീ.എസ്.വിനോദ് (FEEA- INTUC), ശ്രീ.എസ്.സുശീലൻ (KSFE OA), ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


















