
KSFE Secures Top Honors at Business World Emerging Business Awards
ബിസിനസ് വേൾഡ് സംഘടിപ്പിച്ച ഏഴാമത് ബിസിനസ് വേൾഡ് എമർജിംഗ് ബിസിനസ് അവാർഡ്‌സിൽ രണ്ട് പ്രമുഖ പുരസ്കാരങ്ങളാണ് കെ.എസ്.എഫ്.ഇ സ്വന്തമാക്കിയത്. എംഎസ്എംഇ (MSME) ധനസഹായ രംഗത്തെ മികച്ച പ്രവർത്തനത്തിന് സ്ഥാപനത്തിനും, ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിലിനും അവാർഡുകൾ ലഭിച്ചു.
കെ.എസ്.എഫ്.ഇ യുടെ നവീനമായ വായ്പാ സംവിധാനങ്ങളും ക്രിയാത്മക മാനേജ്‌മെന്റും വഴി സമഗ്ര സാമ്പത്തിക സംഭാവനകൾക്കുള്ള വലിയൊരു അംഗീകാരമാണിത്.
സാമ്പത്തിക ഉൾക്കൊള്ളലും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (MSME) സ്ഥിരമായ പിന്തുണ നൽകുന്ന ഫലപ്രദമായ വായ്പാ പരിഹാരങ്ങൾക്കുമാണ് കെ.എസ്.എഫ്.ഇ യെ "എംഎസ്എംഇ ലെൻഡിംഗ് എക്സലൻസ് ഓഫ് ദി ഇയർ" പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
കെ.എസ്.എഫ്.ഇ യെ നവീകരണത്തിന്റെയും മികവിന്റെയും പുതിയ തലങ്ങളിലേക്ക് നയിച്ച
ഡോ.എസ്.കെ.സനിലിന്റെ നേതൃപാടവത്തിനുള്ള വ്യക്തിഗത അംഗീകാരമാണ് ബിസിനസ് ലീഡർ ഓഫ് ദി ഇയർ പുരസ്കാരം.
"ലീഡർ ഓഫ് ദ ഇയർ ക്രിയേറ്റിവ് എമർജിങ് ബിസിനസ്" എന്ന വിഭാഗത്തിലാണ് അദ്ദേഹം പുരസ്കാരത്തിന് അർഹനായത്.
ഡിസംബർ 23-ന് ന്യൂഡൽഹി നെഹ്‌റു പ്ലേസിലെ ഈറോസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ.എസ്.എഫ്.ഇ മാനേജിങ്ങ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ പുരസ്കാരം ഏറ്റുവാങ്ങി. വ്യവസായ പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുlത്ത സമ്മേളനത്തിൽ, എംഎസ്എംഇ വായ്പാ രംഗത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകളിലും ഡോ.എസ്.കെ.സനിൽ ഭാഗമായി.
ഈ അംഗീകാരം കെ.എസ്.എഫ്.ഇ ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ചെയർമാൻ ശ്രീ.കെ.വരദരാജൻ പറഞ്ഞു. ബിസിനസ് വേൾഡ് പോലുള്ള പ്രഗത്ഭമായ വേദികളിൽ നിന്നുള്ള ഇത്തരം അംഗീകാരങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




















