
KSFE Bhadratha Smart Chits 2022 & Low Key Campaign 2022 – Mega Draw
കെ.എസ്.എഫ്.ഇ. ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 മെഗാ നറുക്കെടുപ്പിൽ, ബമ്പർ സമ്മാനമായ 1 കോടി രൂപയുടെ ഫ്ളാറ്റിന്, കെ.എസ്.എഫ്.ഇ കരവാളൂർ ശാഖയിലെ വരിക്കാരനായ കരവാളൂർ ശങ്കരവിലാസം വീട്ടിൽ റിട്ട.സബ് ഇൻസ്പെക്ടർ ജയകുമാർ ടി.എസ് അർഹനായി. കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022, ലോ കീ ക്യാമ്പയിൻ 2022 എന്നീ പദ്ധതികളുടെ മെഗാ നറുക്കെടുപ്പ് 09-08-2023 ന് തിരുവനന്തപുരം റെസിഡൻസി ടവറിൽ നടന്നു. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ മെഗാ നറുക്കെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.
എല്ലാ ജനവിഭാഗങ്ങൾക്കും ഏറ്റവും മികച്ച സമ്പാദ്യം ഒരുക്കി ആദായം ഉറപ്പാക്കുന്ന വിശ്വാസ്യതയുടെ പര്യായമായ സ്ഥാപനം എന്ന നിലയിൽ കെ.എസ്.എഫ്.ഇ അനന്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ചിട്ടി പദ്ധതികളിൽ ഉയർന്ന സമ്മാന തുകയായ 11.24 കോടി രൂപയുടെ വിവിധ സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ വരിക്കാർക്ക് വിതരണം ചെയ്യുന്ന കാര്യം ശ്രദ്ധേയമാണെന്നും മന്ത്രി വ്യക്തമാക്കി.സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കെ.എസ്.എഫ്.ഇ യുടെ സേവനങ്ങൾ ജനങ്ങൾക്ക് ഏറെ പ്രയോജന പ്രദമാണെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ സ്വാഗതവും കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ നന്ദിയും പറഞ്ഞു. കെ.എസ്.എഫ്.ഇ ഡയറക്ടർ ബോർഡ് അംഗം ഡോ.കെ.ശശികുമാർ, സംസ്ഥാന ലോട്ടറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാജ്കപൂർ എം, കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അരുൺബോസ്, കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ്.വി.എൽ, ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.വിനോദ്, കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ.എ മൻസൂർ എന്നിവർ ചടങ്ങില്‍ സംസാരിച്ചു.