
ദേശീയ പുരസ്‌കാരം നേടി കെ.എസ്.എഫ്.ഇ
സ്വദേശ് സമ്മാൻ ദേശീയ പുരസ്‌കാരം നേടി കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ). കേന്ദ്ര ടൂറിസം - സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ആറാമത് സ്വദേശി കോൺക്ലേവിൽ കെ.എസ്.എഫ്.ഇ ചെയർമാൻ ശ്രീ.കെ.വരദരാജൻ, മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ എന്നിവർക്ക് സ്വദേശ് സമ്മാൻ പുരസ്ക്കാരം കൈമാറി. ഒരു ലക്ഷം കോടി രൂപ ബിസിനസ് നേടുന്ന രാജ്യത്തെ ആദ്യ എം.എൻ.ബി.സി എന്ന നേട്ടത്തിനു പിന്നാലെയാണ് ദേശീയ പുരസ്ക്കാരം കെ.എസ്.എഫ്.ഇ യെ തേടിയെത്തിയത്.
സുപ്രീം കോടതി ജസ്റ്റിസ് കൊടീശ്വർ സിംഗ് ചടങ്ങിൽ കെ.എസ്.എഫ്.ഇ യ്ക്ക് കീർത്തി പത്രം സമ്മാനിച്ചു. കേന്ദ്ര ഐ.ടി. സഹമന്ത്രി ജതിൻ പ്രസാദിന്റെ സാന്നിധ്യത്തിലാണ് ദേശീയ അവാർഡ് പുരസ്ക്കാര ചടങ്ങുകൾ നടന്നത്.
വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ലഭിക്കുന്ന ദേശീയ ബഹുമതിയാണ് 'സ്വദേശ് സമ്മാൻ' പുരസ്‌കാരം. ഈ ബഹുമതി നേടിയ പ്രമുഖ വ്യക്തികളിൽ ദലൈലാമ, രത്തൻ ടാറ്റ, അമർത്യ സെൻ, ലതാ മങ്കേഷ്കർ തുടങ്ങിയവരും ഉൾപ്പെടുന്നു. ഐ.എസ്.ആർ.ഒ, ബ്രഹ്മോസ്, ആകാശവാണി, പ്രസാർ ഭാരതി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും മുൻവർഷങ്ങളിൽ സ്വദേശ് സമ്മാൻ പുരസ്‌കാരം നേടിയിട്ടുണ്ട്. മുൻ ചീഫ് ജസ്റ്റിസും പ്രമുഖ വ്യവസായികളും കലാകാരന്മാരും അടങ്ങുന്ന ഒമ്പതംഗ ജഡ്ജിങ് പാനലാണ് പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
വിശ്വാസ്യത, സുതാര്യത, കേരള സർക്കാർ നൽകുന്ന ഉറപ്പ് എന്നിവയാണ് കെ.എസ്.എഫ്.ഇ യുടെ പ്രധാന ശക്തികളെന്ന് ചെയർമാൻ ശ്രീ.കെ.വരദരാജൻ പറഞ്ഞു. സ്ഥിരമായ ലാഭക്ഷമത, ദീർഘവീക്ഷണമുള്ള ലക്ഷ്യങ്ങൾ, നവീകരണ ശ്രമങ്ങൾ, സാങ്കേതിക മുന്നേറ്റങ്ങൾ, ജീവനക്കാരുടെ സംഭാവനകൾ എന്നിവയുടെ ഫലമാണ് ഈ പുരസ്ക്കാരമെന്ന് അവാർഡ് ഏറ്റുവാങ്ങുമ്പോൾ കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ അഭിപ്രായപ്പെട്ടു.