
കെ.എസ്.എഫ്.ഇ യുടെ നവീകരിച്ച ഡിജിറ്റൽ സേവനങ്ങളുടെ പ്രകാശനം ധനമന്ത്രി നിർവഹിച്ചു
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസിൻ്റെ (കെ.എസ്.എഫ്.ഇ) നവീകരിച്ച വെബ്സൈറ്റിന്റെയും മൊബൈൽ ആപ്ലിക്കേഷന്റെയും ഔദ്യോഗിക പ്രകാശനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ്സ് എന്ന ചരിത്രനേട്ടം കൈവരിച്ചതിന് ശേഷം ആവേശകരമായ പ്രതികരണമാണ് ഉപഭോക്തൃ മേഖലയിൽ നിന്ന് ലഭ്യമാകുന്നത്. കെ.എസ്.എഫ്.ഇ ആധുനിക സാങ്കേതിക വിദ്യയുടെ നൂതന സങ്കേതങ്ങളിലേക്ക് പ്രവേശിക്കുന്നതിൻറെ ഭാഗമായിട്ടാണ് കൂടുതൽ ഉപഭോക്തൃ സേവനങ്ങൾ ഡിജിറ്റൽ തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. സെക്രട്ടേറിയറ്റിലെ, ധനമന്ത്രിയുടെ ചേമ്പറിൽ ഇന്നലെ (28 ആഗസ്റ്റ് 2025) നടന്ന ചടങ്ങിൽ, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, ജനറൽ മാനേജർ (ഫിനാൻസ്) എസ്.ശരത് ചന്ദ്രൻ, ഡെപ്യൂട്ടി ജനറൽ മാനേജർ (IT) നിശ.എ.ബി എന്നിവരും കെ.എസ്.എഫ്.ഇ ജീവനക്കാരുടെ സംഘടനാ ജനറൽ സെക്രട്ടറിമാരായ എസ്.മുരളികൃഷ്ണ പിള്ള (KSFE SA - CITU)), എസ്.അരുൺ ബോസ് (KSFE OU), എസ്.വിനോദ് (FEEA- INTUC), എസ്.സുശീലൻ (KSFE OA) തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ചടങ്ങിൽ സംസാരിച്ച മന്ത്രി, കെ.എസ്.എഫ്.ഇ യുടെ നേട്ടങ്ങളെ അഭിനന്ദിച്ചു. "ഡിജിറ്റൽ രംഗത്തെ നൂതന മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിൽ കെ.എസ്.എഫ്.ഇ കാണിക്കുന്ന മികവ് പ്രശംസനീയമാണ്. ഈ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ആധുനിക സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യതയോടെയും ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാണ്," അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് അത്യാധുനിക ഡിജിറ്റൽ അനുഭവം നൽകുക എന്നതാണ് പുതിയ പ്ലാറ്റ്‌ഫോമുകളിലൂടെ ലക്ഷ്യമിടുന്നത്. ചിട്ടി തവണകൾ, വായ്പാ തിരിച്ചടവുകൾ എന്നിവ ഓൺലൈനായി അടയ്ക്കുന്നതിനും, എല്ലാ നിക്ഷേപ-വായ്പാ വിവരങ്ങൾ ഒരുമിച്ച് കാണുന്നതിനും, പുതിയ ചിട്ടികളെ കുറിച്ച് അറിയുന്നതിനും ചേരുന്നതിനുള്ള താത്പര്യം അറിയിക്കുന്നതിനും ഇതിൽ സൗകര്യമുണ്ട്. സുരക്ഷിതവും വേഗതയേറിയതുമായ സേവനങ്ങളാണ് ഇതിലൂടെ കെ.എസ്.എഫ്.ഇ ഉറപ്പാക്കുന്നത്.