നിരവധി നിക്ഷേപ പദ്ധതികൾ കെ.എസ്.എഫ്.ഇ. വാഗ്ദാനം ചെയ്തിട്ടുണ്ട. നിക്ഷേപ പദ്ധതികളുടെ പട്ടിക താഴെ കൊടുക്കുന്നു.
കെ.എസ്.എഫ്.ഇ. വാഗ്ദാനം ചെയ്യുന്ന ഏറ്റവും നല്ല പദ്ധതികളിൽ ഒന്ന്. രീതികൊണ്ടും പ്രവർത്തനം കൊണ്ടും ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകളുമായി സമാനത പുലർത്തുന്ന പദ്ധതിയാണിത്. അതേസമയം പലിശ നിരക്ക് കൂടുതലാണ്. 5.5% ആണ് പലിശ നിരക്ക്. ബാങ്കുകളിൽ ഇത് 3.5 %ത്തോളമേ വരൂ. ചിട്ടി തവണകൾ അടയ്ക്കുന്നതിനും സ്ഥിര നിക്ഷേപങ്ങളിലെ പ്രതിമാസ പലിശ മാറ്റുന്നതിനും മറ്റ് ദൈനംദിന ഇടപാടുകൾക്കും ഈ പദ്ധതി സുരക്ഷിതമായ ഒരു മാർഗ്ഗമാണ്.
ചിട്ടിയിലും മറ്റ് പദ്ധതികളിലും , സുഗമ പദ്ധതിയിൽ നിക്ഷേപിച്ചിട്ടുള്ള പണം ജാമ്യമായി സ്വീകരിക്കുന്നതിനെയാണ് സുഗമ സെക്യൂരിറ്റി നിക്ഷേപം എന്ന് പറയുന്നത്. ഇതിന്റെ ഗുണം എന്തെന്ന് വെച്ചാൽ ഈ ജാമ്യം കൊണ്ട് വായ്പയും തിരിച്ചടവും സുരക്ഷിതമായിത്തീരുന്നു. അതേസമയം സുഗമയിൽ ലഭിയ്ക്കുന്ന പലിശ തുടർന്നും ആസ്വദിയ്ക്കാൻ ഉടമസ്ഥർക്ക് കഴിയുന്നു.
വായ്പക്കാരന്റെ/ വരിക്കാരന്റെ പേരിൽ സുഗമ സെക്യൂരിറ്റി അക്കൗണ്ട്, കറൻസിയായോ മറ്റ് അക്കൗണ്ടുകളിൽ നിന്ന് മാറ്റിയോ, തുറക്കാവുന്നതാണ്. അതിന് ശേഷം യാതൊരു തരത്തിലുള്ള അടവും ഇതിൽ അനുവദിയ്ക്കുന്നതല്ല. ഏറ്റവും ചുരുങ്ങിയത് ഭാവി ബാധ്യതയ്ക്കാവശ്യമായ തുകയായിരിക്കണം നിക്ഷേപ സംഖ്യ. പക്ഷെ, സംയോജിത ജാമ്യവ്യവസ്ഥയിലെ ഒരു ജാമ്യം മാത്രമാണ് സുഗമ സെക്യൂരിറ്റി അക്കൗണ്ട് എങ്കിൽ ഭാവി ബാധ്യതയ്ക്ക് ആവശ്യമായ തുകയേക്കാൾ കുറഞ്ഞതാകാം സുഗമ സെക്യൂരിറ്റി അക്കൗണ്ടിൽ നിക്ഷേപിക്കുക.
സുഗമ നിക്ഷേപത്തിന്റെ അതേ നിരക്കാണ് ഇതിനും (5.5%). നിക്ഷേപകന് സമാഹരിക്കപ്പെടുന്ന പലിശത്തുക പിൻവലിക്കാവുന്നതാണ്. അതാത് സമയത്ത് ഈ അക്കൗണ്ടിലേയ്ക്ക് വരവുവെയ്ക്കാവുന്നതാണ്. അതേസമയം ജാമ്യബാധ്യത അവസാനിപ്പിച്ചാലോ മറ്റ് ജാമ്യങ്ങൾ നൽകി ഈ ജാമ്യം ഒഴിവാക്കിയാലോ സാധാരണ സുഗമ അക്കൗണ്ടു പോലെ ഇതിൽ നിന്നും പണം പിൻവലിക്കാം.
30 ദിവസം മുതൽ 364ദിവസം വരെ കാലാവധി വ്യത്യാസമുള്ള ഹ്രസ്വകാല നിക്ഷേപങ്ങൾ കെ.എസ്.എഫ്.ഇ. സ്വീകരിക്കുന്നുണ്ട്. വ്യത്യസ്ത കാലാവധികൾക്ക് വ്യത്യസ്ത പലിശയാണ് ഉള്ളത്.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും താത്ക്കാലികമായി ഫണ്ട് നിക്ഷേപിക്കാനുള്ള മെച്ചപ്പെട്ട പദ്ധതിയാണിത്. ദേശസാത്കൃത ബാങ്കുകളുമായും ഷെഡ്യൂൾഡ് ബാങ്കുകളുമായും തട്ടിച്ചു നോക്കുമ്പോൾ ഉയർന്ന പലിശ നിരക്ക് ഇതിനുണ്ട്. ഈ പദ്ധതി പ്രകാരം നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 5000/- രൂപയാണ്. 500/-രൂപയുടെ ഗുണിതങ്ങളായാണ് നിക്ഷേപത്തുകകൾ സ്വീകരിക്കുക.
കെ.എസ്.എഫ്.ഇ. യുടെ ചിട്ടിയിലും മറ്റ് വായ്പാ പദ്ധതികളിലും ജാമ്യമായി ഹ്രസ്വകാല നിക്ഷേപങ്ങൾ ജാമ്യമായി സ്വീകരിക്കുന്നതാണ്. കാലാവധി പൂർത്തിയാകുമ്പോൾ നിലനിൽക്കുന്ന നിരക്കുകൾക്കനുസരിച്ച് ഇവ ആഗ്രഹിക്കുന്ന കാലാവധിയിലേയ്ക്ക് പുതുക്കാവുന്നതാണ്. കാലാവധി തീരും മുമ്പേ നിബന്ധനകൾക്കനുസരിച്ച് ഇവ ക്ലോസ് ചെയ്യാവുന്നതുമാണ്.
ചിട്ടി വരിക്കാർക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പദ്ധതിയാണ് ഇത്. ചിട്ടിയുടെ ഭാവിബാധ്യത കണക്കാക്കി അത്രയും തുക ചിട്ടി പ്രൈസ് സംഖ്യയിൽ നിന്ന് എടുത്ത് ആ ചിട്ടിയ്ക്ക് ജാമ്യമായി നിക്ഷേപിക്കാൻ അവസരം നൽകുന്ന പദ്ധതിയാണിത്. ചിട്ടി അവസാനിയ്ക്കുമ്പോഴോ ആവശ്യമായ മറ്റ് ജാമ്യം നൽകുമ്പോഴോ ഇത് വരിക്കാർക്ക് പിൻവലിക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് 30 ദിവസത്തേയ്ക്കും പരമാവധി, ചിട്ടി അവസാനിക്കുന്നവരേയ്ക്കും നിക്ഷേപിക്കാവുന്നതാണ്.
ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപങ്ങൾ നടത്താനുള്ള സൗകര്യം കെ.എസ്.എഫ്.ഇ. തരുന്നുണ്ട്.ബാങ്കുകളിലെ സ്ഥിര നിക്ഷേപവുമായി ഏറെക്കുറെ സമാനമാണ് കെ.എസ്.എഫ്.ഇ. യിലെ സ്ഥിരനിക്ഷേപവും. പൊതുവായി 6.25% ആണ് പലിശ നിരക്ക്. ചിട്ടി പ്രൈസ് സംഖ്യ നിക്ഷേപിക്കുമ്പോൾ 6.75%വും മുതിർന്ന പൗരന്മാർക്ക് 7.25%വും പലിശ ലഭിയ്ക്കുന്നു.