1969 വരെ കേരളത്തിൽ ചിട്ടി ഇടപാടുകൾ സ്വകാര്യ മേഖലയുടെ കുത്തകയായിരുന്നു. തുടക്കം മുതൽ ചിട്ടി എന്ന ഇടപാട് നിരവധി കെടുകാര്യസ്ഥതകളുടേയും അഴിമതികളുടേയും വിളനിലമായിരുന്നു. ആവശ്യക്കാരെയും ദരിദ്രരേയും സ്വകാര്യ ചിട്ടി സ്ഥാപനങ്ങൾ ചൂഷണം ചെയ്തിരുന്നു. ലാഭക്കൊയ്ത്തിന്റെ ഈ ഇടത്തിൽ സർക്കാർ നിയന്ത്രണം ഒന്നും ഇല്ലാത്തത് കൊണ്ട്, നിരവധി പുതിയ പുതിയ സംരഭകർ വന്നു കൊണ്ടിരുന്നു. അത്തരം ചിട്ടി സ്ഥാപനങ്ങൾ കൂണുകൾ പോലെ വളരുന്നതിന് തടയിടാനും ഇടപാടുകാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ചിട്ടിവഴി സ്വരൂപിക്കുന്ന പണം ഉത്പാദനക്ഷമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി തിരിച്ചു വിടാനും വേണ്ടി ഈ മേഖലയിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെപ്പറ്റി ഗവൺമെന്റ് ആലോചിച്ചു. അതോടൊപ്പം സർക്കാരിന്റെ ഇടപെടൽ സ്വത്തും അധികാരവും ഏതാനും ചിലരിൽ കേന്ദ്രീകരിക്കുന്നതിൽ നിന്നും തടയുകയും ചെയ്യും. കൂടാതെ ഗവൺമെന്റ് നേരിട്ട് ചിട്ടി നടത്തുകയാണെങ്കിൽ ഉണ്ടാകുന്ന ലാഭം സേവനങ്ങളുടെ രൂപത്തിൽ പൊതു ജനങ്ങളിലേയ്ക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യും.
1967 ൽ ഇം.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ, സർക്കാരിന്റെ സംവിധാനത്തിന് കീഴിൽ ചിട്ടി നടത്താനായി തീരുമാനിക്കുകയുണ്ടായി. 1967-68 വർഷത്തെ സ്വകാര്യ ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.പി.കെ.കുഞ്ഞ് കേരള നിയമസഭയിൽ ഇങ്ങനെ പ്രസ്താവിച്ചു. “ഞാൻ ഈ തീരുമാനത്തെ കാണുന്നത് സോഷ്യലിസത്തിലേയ്ക്കുള്ള പാതയിലെ ഒരു ചുവടുവെയ്പാണ്. ബാങ്കുകളേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളേയും സാമൂഹ്യ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരാൻ ലക്ഷ്യംവെച്ചുള്ളത്”.
1967 ൽ പൊതുമേഖലയിൽ ചിട്ടി തുടങ്ങുന്നതിന്റെ സാധ്യതയും അഭിലഷണീയതയും പരിശോധിക്കുന്നതിനായും സർക്കാരിന്റെ നിയന്ത്രണത്തിന് കീഴിൽ ചിട്ടികൾ ആരംഭിയ്ക്കുന്നത് സംബന്ധിച്ച ഒരു സമ്പൂർണ്ണ പദ്ധതി രൂപീകരിയ്ക്കുന്നതിനുമായി ഒരു പ്രത്യേക ഓഫീസറെ സർക്കാർ നിയമിക്കുകയുണ്ടായി. 1967 ഒക്ടോബർ 7 ന് അദ്ദേഹം ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിക്കുകയും, ചിട്ടിരംഗത്ത് ഗവൺമെന്റ് പ്രവേശിക്കണമെന്ന് ആ റിപ്പോർട്ട് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി സർക്കാർ “ ദി കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ” എന്ന പേരിൽ, സർക്കാർ നിയന്ത്രണത്തിന് കീഴിൽ ചിട്ടികളും ഹയർ പർച്ചേസും ഇൻഷുറൻസും നടത്തുന്നതിനായി ഒരു പൊതു മേഖലാ സ്ഥാപനം രൂപീകരിയ്ക്കുന്നതിന് തീരുമാനിച്ചു. ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങൾ വഴി നികുതിയേതര വരുമാനം ആർജ്ജിക്കുന്നതിനുള്ള ഒരു പുരോഗമന കാഴ്ചപ്പാടും ഇക്കാര്യത്തിൽ സർക്കാരിന് ഉണ്ടായിരുന്നു. അങ്ങനെ 1969 നവംബർ 6 ന് സ്വകാര്യ ചിട്ടി സ്ഥാപനങ്ങൾക്ക് അച്ചടക്കത്തിന്റെ കടിഞ്ഞാൺ ഇടുന്നതിനായി, തൃശ്ശൂർ ആസ്ഥാനമാക്കി കെ.എസ്.എഫ്ഇ. ലിമിറ്റഡ് സ്ഥാപിച്ചു.1969 നവംബർ 26 ന് പുറത്തിറക്കിയ G.O.(Rt)4876/69/Fin പ്രകാരം ആദ്യ ഡയറക്ടർ ബോർഡ് അംഗങ്ങളെ സർക്കാർ നിയമിച്ചു.
കെ.എസ്.എഫ്.ഇ., പരിപൂർണ്ണമായും കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധോദ്ദേശ ബാങ്കേതര സ്ഥാപനം ആണ്. ചിട്ടി നടത്തുന്ന ഏക പൊതുമേഖലാ സ്ഥാപനവും, തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനവുമാണത്. കേരള സർക്കാരിന് എല്ലാ വർഷവും ലാഭവിഹിതമായും ഗ്യാരണ്ടി കമ്മീഷനായും സേവന ചാർജ്ജായും കോടിക്കണക്കിന് രൂപ കെ.എസ്.എഫ്.ഇ. നൽകി കൊണ്ടിരിക്കുന്നു. 2016 അവസാനം വരെ 706 കോടി രൂപ കെ.എസ്.എഫ്.ഇ. ഇത്തരത്തിൽ കേരള സർക്കാരിന് നൽകിക്കഴിഞ്ഞു. അതിനാൽ സേവനം എന്നനിലയിലും മറ്റ് നിലയിലും കേരള സമ്പദ് വ്യവസ്ഥയ്ക്ക് കനപ്പെട്ട സംഭാവനകൾ ആണ് കെ.എസ്.എഫ്.ഇ. നൽകിക്കൊണ്ടിരിക്കുന്നത്.