വാർത്തകൾ
image
തിങ്കൾ, 11 ഓഗസ്റ്റ്‌ 2025

ഒരു ലക്ഷം കോടി രൂപ വാര്‍ഷിക ബിസിനസ്സ് നേടിയ ഇന്ത്യയിലെ ആദ്യ MNBC ആയി കെ.എസ്.എഫ്.ഇ

പ്രബുദ്ധ കേരളത്തിന്റെ സാമ്പത്തിക രംഗത്തിന് ഉണർവേകുന്ന ബാങ്കേതര ധനകാര്യ സ്ഥാപനമായി (MNBC) കെ.എസ്.എഫ്.ഇ പ്രയാണം തുടരുകയാണ്.  സാധാരണക്കാർക്കും, ഇടത്തരക്കാർക്കും, ചെറുകിട സംരംഭകർക്കും, പ്രവാസികൾക്കും ഒക്കെ പ്രയോജനകരമാണ് വൈവിധ്യമാർന്ന കെ.എസ്.എഫ്.ഇ. ചിട്ടികൾ. മികച്ച ആദായം ഉറപ്പാക്കുന്ന സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപങ്ങൾ, മിതമായ പലിശനിരക്കിലുള്ള വായ്പകൾ എന്നിവ കെ.എസ്.എഫ്.ഇ സേവനങ്ങൾക്ക് മാറ്റുകൂട്ടുന്നു. അന്യദേശങ്ങളിൽ വസിക്കുന്ന കേരളത്തിന്റെ  പ്രവാസ ലോകത്തിനായി പ്രത്യേകം ആവിഷ്ക്കരിച്ച  പ്രവാസി ചിട്ടികളിൽ മികച്ച പങ്കാളിത്തമാണ് ഇപ്പോൾ നിലവിലുള്ളത്. പ്രവർത്തന രീതികൾ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പണമിടപാടുകൾ കാര്യക്ഷമമാക്കുന്നതിനും സ്ഥാപനം മുൻകൈ എടുക്കുന്നുണ്ട്.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷം പുതുതായി ആയിരം കോടി രൂപയുടെ ചിട്ടി ബിസിനസ്സ് നേടാനായതും നടപ്പു വർഷം പതിനായിരം കോടി രൂപയുടെ സ്വർണ്ണപ്പണയവായ്പ പൂർത്തീകരിച്ചതും മികച്ച നേട്ടങ്ങളാണ്. ബിസിനസ്സ് രംഗത്തുണ്ടായ അഭൂതപൂർവ്വമായ വളർച്ചയെ തുടർന്ന് കെ.എസ്.എഫ്.ഇ യുടെ വാര്‍ഷിക ബിസിനസ്സ് ഒരു ലക്ഷം കോടി രൂപ (Rupees One Trillion) കവിഞ്ഞിരിക്കുകയാണ്. സ്വപ്നതുല്യമായ ഈ നേട്ടം കൈവരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ആദരണീയനായ കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിക്കുന്നതാണ്. ആഗസ്റ്റ് 13, 2025 (ബുധനാഴ്ച) ഉച്ചക്ക്  12.00 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിക്കും. ബഹു.ഭക്ഷ്യപൊതുവിതരണ വകുപ്പു മന്ത്രി ശ്രീ.ജി.ആർ.അനിൽ മുഖ്യാതിഥിയായിരിക്കും. കെ.എസ്.എഫ്.ഇ.യുടെ ബ്രാന്‍ഡ്‌ അമ്പാസഡറായ പ്രശസ്ത നടൻ ശ്രീ.സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്.

55 വർഷത്തെ വിശ്വസ്ത സേവനം

നന്ദി, 50 ലക്ഷത്തിലധികം വരുന്ന സംതൃപ്ത ഇടപാടുകാരോട്, നിങ്ങൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തിന്.

₹98000 കോടി+

വാർഷിക വിറ്റുവരവ്

9000+

സേവനദാതാക്കൾ

680+

ശാഖകൾ

₹250 കോടി

അംഗീകൃത മൂലധനം